
പി വി എ നാസർ
ദോഹ: ദോഹയുടെ ഹൃദയത്തിൽ തുള്ളൽക്കലയുടെ ദൃശ്യവിസ്മയം തീർത്ത് പ്രശസ്ത കലാകാരൻ മണലൂർ ഗോപിനാഥൻ. സംഗീതവും സാഹിത്യവും മൂർച്ചയുള്ള ഹാസ്യവും സമന്വയിച്ച ഓട്ടൻതുള്ളലിന്റെ അസാമാന്യ വൈഭവത്തിനു മുന്നിൽ ഐ.സി.സി അശോക ഹാൾ ഒന്നടങ്കം ഇളകിമറിഞ്ഞു.
ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക തനിമ വിളിച്ചോതുന്ന ഐ.സി.സി 'ബുധനാഴ്ച ഫിയസ്റ്റ'യുടെ 93-ാമത് വേദിയാണ് ഈ അപൂർവ്വ കലാവിരുന്നിന് സാക്ഷ്യം വഹിച്ചത്. ഫ്രണ്ട്സ് ഓഫ് തൃശ്ശൂരുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടി കാണാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്.
അരങ്ങിൽ വിരിഞ്ഞ നമ്പ്യാർ ഭാവങ്ങൾ
ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത കേരളീയ തനിമയുടെ സരസഭാഷയിൽ മണലൂർ ഗോപിനാഥൻ അരങ്ങുതകർത്തപ്പോൾ സദസ്സ് ആനന്ദലഹരിയിലായി. "നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറ്..." എന്ന വരികളുടെ വശ്യമായ താളത്തിൽ 'കല്യാണസൗഗാന്ധികം' കഥയും,ലക്ഷംമാനുഷർ ഒത്തതിനിടയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ പേർ'
എന്ന ചൊല്ലിലൂടെ 'രുഗ്മിണി സ്വയംവര'വും അദ്ദേഹം അസാമാന്യ പാടവത്തോടെ ആസ്വാദകരിലേക്ക് പകർന്നു നൽകി.
കൈകൊട്ടിയും മുദ്രകൾ കാട്ടിയും മുഖത്ത് നവരസങ്ങൾ വിരിയിച്ചും വേഗതാളങ്ങളുടെ ദൃശ്യഭംഗിയോടെ അദ്ദേഹം കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. സദസ്സിലുള്ളവരെക്കൂടി സംഭാഷണങ്ങളിൽ ഉൾപ്പെടുത്തിയും പരിഹാസ ശരങ്ങളിൽ ഇരകളാക്കിയും അദ്ദേഹം മുന്നേറിയപ്പോൾ, ചിരിയുടെയും കൈയടിയുടെയും പൂപ്പൂരമാണ് അശോക ഹാളിൽ ഉയർന്നത്.
തന്റെ ജീവിതം തന്നെ ഓട്ടൻതുള്ളൽ എന്ന കലാരൂപത്തിനായി ഉഴിഞ്ഞുവെച്ച മണലൂർ ഗോപിനാഥനെ ചടങ്ങിൽ ഐ.സി.സി ആദരിച്ചു. മുഖ്യാതിഥിയായെത്തിയ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ അദ്ദേഹത്തിന് ഐ.സി.സി.യുടെ സ്നേഹോപഹാരം സമ്മാനിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഔദ്യോഗിക ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഷീല ഫിലിപ്പോസ്,ഹൈദർ ചുങ്കത്തറ, കെ.ആർ. ജയരാജ്, ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ പ്രസിഡന്റ് താജുദ്ധീൻ, സെക്രട്ടറി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രവാസ മണ്ണിൽ തനത് കേരളീയ കലയുടെ വസന്തം തീർത്ത ഈ സായാഹ്നം ദോഹയിലെ മലയാളി മനസ്സുകളിൽ ദീർഘകാലം നിലനിൽക്കുന്ന ഒന്നായി മാറി.











